Thursday, July 19, 2012

പല്ലും നാവും

പല്ലുകള്‍ അടങ്ങിയിരുന്നപ്പോള്‍
നാവിനു അതിനു കഴിഞ്ഞില്ല.
പക്ഷേ....
ഇപ്പോള്‍ നാവടങ്ങിയിരിക്കുന്നു.
പല്ലുകള്‍ക്കാണിപ്പോള്‍ ഇളക്കം.. 

Wednesday, April 13, 2011

വിപ്ലവകാരിയുടെ പ്രണയം

കഴിഞ്ഞതെല്ലാം മറക്കണം നീ
കഴിയുമെങ്കില്‍ കണ്ണീരൊഴുക്കാതിരിക്കണം.
എവിടെ വെച്ചെങ്കിലും കണ്ടു മുട്ടിയാല്‍
കണ്ട ഭാവം കാട്ടാതിരിക്കണം.
കാലമിനിയുമൊരുപാടു തിരിയും
പുതിയ കാലടിപ്പാടുകള്‍ തെളിയും.
പണ്ടു നമ്മള്‍ തമ്മില്‍ പറഞ്ഞതും
പിന്നെ ഒന്നിച്ചു സ്വപ്‌നങ്ങള്‍ കണ്ടതും
ഓര്‍ത്തു ജീവിതം ഹോമിച്ചിടാതെ
പുതിയ ജീവിതം കെട്ടിപ്പടുക്കണം.

എന്‍റെ ലക്‌ഷ്യം നീയായിരുന്നില്ല,
എന്‍റെ മാര്‍ഗത്തില്‍ ഒന്നായിരുന്നു നീ.
എന്‍റെ സ്വപ്‌നങ്ങള്‍ നിന്നെ കുറിച്ചല്ല,
എന്‍റെ മോഹവും നീയായിരുന്നില്ല.
പുതിയ ലോകത്തെ സൃഷ്ടിച്ചെടുക്കലും
അതില്‍ പുതിയ നിയമങ്ങള്‍ എഴുതിയുണ്ടാക്കലും
എന്‍റെ വഴിയില്‍ പൂമെത്തയില്ല
എന്‍റെ ചിന്തയില്‍ പ്രണയവുമില്ല
ഇനിയുമേറെ പോകാന്‍ എനിക്കുണ്ട്
വഴിയില്‍ ഇടറി വീഴാന്‍ ഇടയുണ്ട്.
കൂടെ നിന്നെയും കൂട്ടുവാന്‍ വയ്യ
വേര്‍പിരിഞ്ഞു പോകാം നമുക്കിനി ...

Monday, April 04, 2011

വികാസം

                 കുട്ടിത്തം മാറി ഞാന്‍ വളര്‍ന്നോ എന്ന് സംശയിക്കുന്നവര്‍ക്ക് അതിനുള്ള തെളിവ് ഞാന്‍ തന്നെ നല്‍കാം. കാരണം അത് തെളിയിക്കേണ്ടത് എന്‍റെ ബാധ്യത ആണല്ലോ. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പച്ചക്കള്ളം യാതൊരു പതര്‍ച്ചയുമില്ലാതെ പറയാന്‍ ഇന്നെനിക്കു കഴിയും. ചെയ്തത് തെറ്റാണെന്ന് ബോധ്യമായാലും അതിനെ ന്യായീകരിച്ചു നില്‍ക്കാറാണ് പതിവ് . മറ്റുള്ളവരുടെ വേദനയില്‍ വേദനിച്ചിരുന്ന എന്‍റെ മനസ്സിനെ ഞാന്‍ തന്നെ കൊന്നു. പകരം വീണു കിടക്കുന്നവരുടെ ദേഹത്ത് ചവിട്ടി മുന്നോട്ടു പോകാനും , വീഴാതെ നില്‍ക്കുന്നവരെ വലിച്ചു വീഴ്ത്താനും പറയുന്ന ഒരു മനസ്സ് ഫിറ്റു ചെയ്തിട്ടുണ്ട്. ദേഷ്യവും പകയും സൂക്ഷിച്ചു  വെക്കാറുണ്ട്. 
            മനസ്സിലുള്ളത് പുറത്തു കാട്ടാതെ ചിരിക്കാനും സംസാരിക്കാനും അഭിനയിക്കാനും പഠിച്ചു വരുന്നു. പോങ്ങച്ചക്കാരെ വെറുത്തിരുന്ന ഞാന്‍ ഇപ്പോള്‍ അതേ പറയാറുള്ളൂ. ഓര്‍കുട്ടിലും ഫേസ്ബുക്കിലും ഉള്ളവരോട് മാത്രമേ ഇപ്പോള്‍ സൗഹൃദമുള്ളൂ. അല്ലാത്തവരെ ഡിലീറ്റു ചെയ്തു. എല്ലാ കാര്യവും അമ്മയോട് പറയാറുണ്ടായിരുന്ന ഞാന്‍ ഇപ്പോള്‍ ഒരു കാര്യവും പറയാറില്ല. പിന്നെ പ്രാഥമിക കൃത്യങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ ക്ലോസറ്റിലേ നിര്‍വഹിക്കാറുള്ളൂ.  പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന , വായിക്കുകയും  സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഞാന്‍ ഇപ്പോള്‍ അവയിലെ പേജുകള്‍ മേശയിലെ പൊടി തട്ടാനുള്ള കടലാസുകളായാണ് ഉപയോഗിക്കാറ്.  കോണ്‍ഫിഡന്‍സി നപ്പുറമുള്ള ഓവര്‍ കോണ്‍ഫിഡന്‍സ് എന്നില്‍ കുത്തി  വെച്ചിട്ടുണ്ട്.
                ഇത്രയൊക്കെ പോരെ ഞാന്‍ വളര്‍ന്നു എന്നതിന്‍റെ തെളിവ്? പക്ഷെ എന്നിട്ടും ചിലര്‍ അത് സമ്മതിച്ചു തരുന്നില്ല. പകരം അവര്‍ പറയുന്നു എന്‍റെ മുഖം വികൃതമാണെന്ന് . പല്ല് പൊന്തി നിന്നിരുന്ന കാലത്തും മുഖത്ത് മുഖക്കുരു പഴുത്തു നിന്നിരുന്ന കാലത്തും അവരങ്ങനെ പറഞ്ഞിട്ടില്ല. പല്ലുകള്‍ക്ക് വേലി കെട്ടുകയും പിന്നെയും തള്ളി നിന്നവ പറിച്ചു മാറ്റുകയും ചെയ്തു. മുഖത്തെ കുഴികള്‍ ഫെയര്‍ നെസ് ക്രീമിട്ടു തൂര്‍ത്തു. എന്നിട്ടും  അവര്‍ പറയുന്നു എന്‍റെ മുഖത്തിന്‌ പകരം ഞാനണിഞ്ഞ മുഖം മൂടികളാണ് അവര്‍ കാണുന്നതെന്ന്. ഒരു പക്ഷേ അവരുടെ കണ്ണിന്‍റെ കുഴപ്പമാവും.  ഇനി  എന്നാണു മുഖം മൂടികളില്ലാതെ എന്‍റെ മുഖം അവര്‍ക്ക് കാണാന്‍ കഴിയുക???  

Friday, February 11, 2011

വാലന്‍ന്റൈന്‍ ദിനം എതിര്‍ക്കപ്പെടേണ്ടതോ?

                  "വാലന്‍ന്റൈന്‍ ദിനം" എന്ന് കേള്‍ക്കുമ്പോഴേ കണ്ണുമടച്ചു കുറ്റം പറയുന്നവരോട് , സംസ്കാരത്തെയും പാരമ്പര്യത്തെയും കെട്ടിപ്പിടിച്ചു വിലപിക്കുന്നവരോട് , മൂല്യച്യുതിയെന്നു പറഞ്ഞു കള്ളക്കണ്ണീരൊഴുക്കുന്നവരോട് , സത്യത്തില്‍ അത്ര മാത്രം എതിര്‍ക്കപ്പെടേണ്ട ഒന്നാണോ ഈ വാലന്‍ന്റൈന്‍ ദിനം ? "പരിശുദ്ധ പ്രണയത്തിന് പ്രത്യേക ദിവസങ്ങളുടെ ആവശ്യമുണ്ടോ? " എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.അങ്ങനെയെങ്കില്‍ ഓണവും പെരുന്നാളും ക്രിസ്മസുമൊക്കെ നാം ആഘോഷിക്കുന്നതെന്തിനാണ്? കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിനും സന്തോഷം പങ്കിടലിനുമൊപ്പം കുടുംബ ബന്ധങ്ങള്‍  മുറിഞ്ഞു  പോകാതെ  ദൃഡമാക്കുന്നതിലും  ഇത്തരം ആഘോഷങ്ങള്‍ വലിയ പങ്കു വഹിക്കുന്നില്ലേ?

              അത് പോലെ പ്രണയമെന്ന വികാരം കൂടുതല്‍ തീക്ഷ്ണമാക്കാന്‍ വാലന്‍ന്റൈന്‍ ദിനത്തിനു സാധിക്കുമെങ്കില്‍ അതല്ലേ നല്ലത്? എല്ലാ കാര്യത്തിലും ലേറ്റസ്റ്റ് വേര്‍ഷനുകള്‍ തിരയുന്ന നമ്മള്‍ പ്രണയത്തിന്‍റെ കാര്യത്തില്‍ മാത്രം എന്തിനു പിടിവാശി കാട്ടണം? "ഐ ലവ് യു" എന്നതിനേക്കാള്‍ "ഐ മിസ്‌ യു" എന്ന് കേള്‍ക്കാനാണ്‌  ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നതെങ്കില്‍ അതിലവരെ കുറ്റം പറയേണ്ടതുണ്ടോ? ഇതെല്ലാം പറയുമ്പോള്‍ ഇതിനു നെഗറ്റീവ് വശങ്ങളില്ലെന്നല്ല, പക്ഷെ പലരും ഇതിലെ നെഗറ്റീവ് വശങ്ങള്‍ മാത്രമേ കാണാറുള്ളൂ , അതിനേ ശ്രമിക്കാറുള്ളൂ.... താനനുഭവിക്കാത്തത് മറ്റുള്ളവര്‍ക്കും വേണ്ടെന്ന സങ്കുചിത മനോഭാവം തന്നെ ഇതിനു കാരണം. അത് പുറത്തു കാട്ടാതെ സായിപ്പിനെ അനുകരിക്കുന്നേ എന്ന് വിലപിച്ചു നടക്കുന്നത് യഥാര്‍ത്തില്‍ ഒരു തരം രക്ഷായുക്തിയാണ്.

Monday, December 20, 2010

ശാപ ജന്മങ്ങള്‍

കരയുന്ന കുഞ്ഞിന്റെ കണ്ണീര്‍  തുടക്കുവാന്‍
കഴിയില്ല കൈകള്‍ക്കു ശക്തിയില്ല.
എരിയുന്ന വയറുമായ് പൊരിയുന്ന വെയിലത്ത്
പാതയോരത്തിന്നരികിലായ്
മുന്നില്‍ വിരിച്ചൊരു  കീറത്തുണിയും
അരികില്‍ കിടക്കുമൊരു  പിഞ്ചുകുഞ്ഞും
പോകുന്നിതാ നൂറുപേരോരോ മിനുട്ടിലും
കണ്ടിട്ടും കാണാത്ത ഭാവമോടെ.
മാറിലെ ചൂടേറ്റു വളരേണ്ടൊരാ  കുഞ്ഞ്‌
ടാറിട്ട റോഡിന്റെ പൊള്ളലറിയുന്നു.
ശാപ ജന്മങ്ങളെയോര്‍ത്തു  വിലപിക്കാന്‍
ആര്‍ക്കുമില്ലാ നേരമിന്നെങ്കിലും ,
ചുരത്താത്ത മുലയും മറയ്ക്കാത്ത വയറും
കാണുവാന്‍ പലരും കൊതിയോടെ നില്‍ക്കുന്നു.
വിശന്നു കരഞ്ഞു തളര്‍ന്നൊരാ കുഞ്ഞിനെ
വാട്ടിയുറക്കാന്‍ ശ്രമിക്കുന്നു സൂര്യനും
ദൈവം മറന്നൊരാ കുഞ്ഞിനെയോര്‍ത്തു ഞാന്‍
എന്തിനു വെറുതെ കണ്ണീരൊഴുക്കണം?
എങ്കിലും എന്റെ മധുര സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍‌  
ഇടയ്ക്കിടെക്കെത്തുന്നു ഈ ശാപ ജന്മങ്ങള്‍.

Monday, November 08, 2010

കവിയുടെ പ്രതികരണം

എനിക്കുമൊരു കവിയാകണം,
കാലിക വിഷയങ്ങള്‍ കാര്‍ക്കിച്ചു തുപ്പുന്ന 
ഉത്തരാധുനിക കവി.
അതിനു വേണ്ടി വീട്ടിലെ പ്രശ്നങ്ങള്‍-
കാണാതെ  പോയാലും  
നാട്ടിലെ പ്രശ്നങ്ങള്‍ കണ്ടെത്തി 
കവിതയിലൂടെ പ്രതികരിക്കണം.
ഏത് വിഷയമാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ നല്ലത് ? 
കവി അയ്യപ്പനും ശവമടക്കുമായാലോ ?
അല്ലെങ്കില്‍ വര്‍ഗ്ഗീസ് വധമാക്കാം
വേണ്ട രണ്ടും കാലഹരണപ്പെട്ടു.
കണ്ണൂരിലെ കള്ളവോട്ടിനെതിരെ പ്രതികരിച്ചാല്‍ 
ചിലപ്പോള്‍ പ്രതികരണവും രൂക്ഷമാവും.
അത് കൊണ്ടു അതും വേണ്ട.
ഏറ്റവും നല്ലത് ഒബാമ തന്നെ 
വന്നതല്ലേ ഉള്ളൂ പോവട്ടെ ...
എന്നിട്ടു വേണം ശക്തമായിട്ടൊന്നു പ്രതികരിക്കാന്‍  

Wednesday, September 29, 2010

മറക്കാതിരിക്കാം ഞാന്‍


മറക്കാതിരിക്കാം ഞാന്‍  
ഓര്‍ക്കുവാനിഷ്ടമില്ലെങ്കിലും
പിന്നീട് കുറ്റബോധം  തോന്നാതിരിക്കാന്‍ 
നമ്മള്‍ കണ്ട  പകലുകള്‍  രാത്രികള്‍ 
പങ്കു വെച്ച നിമിഷങ്ങളൊക്കെയും
ഇന്നെന്റെ ഓര്‍മയില്‍ തീച്ചൂളയെങ്കിലും
നീറ്റല്‍ സഹിച്ചു ഞാന്‍ ഓര്‍ത്തു വെക്കാം
ആദ്യമായ് കണ്ട നാള്‍ ഒന്നുമുരിയാതെ 
പോയ നിന്‍ കണ്ണില്‍ നിന്നായിരം 
വാക്കുകള്‍ ചികഞ്ഞു കണ്ടെത്തി ഞാന്‍
പിന്നിട്ടു നാം ഒത്തിരി ദൂരം
കൈകള്‍ ചേര്‍ത്തൊരുമിച്ചു പിന്നെ 
എപ്പൊഴോ ഹൃദയവും ചേര്‍ത്ത് വെച്ചു
മുന്നില്‍ കണ്ട കാഴ്ചകള്‍ പലതും 
കാണാതെ നമ്മള്‍ മരുപ്പച്ച തേടി
സന്ധ്യകള്‍ മറയുമ്പൊഴും പിരിയാതെ നമ്മള്‍ 
നിലാവിന്റെ തണലില്‍ കിനാവുകള്‍ നെയ്തു 
ആല്‍മരച്ചോടും പുഴവക്കുമെല്ലാം 
അന്ന് നമ്മള്‍ക്കു കൂട്ടായി നിന്നു
ഇണങ്ങുവാന്‍ മാത്രമായ് പിന്നെ നീ പലകുറി
തമ്മില്‍ പിണക്കം നടിച്ചു നിന്നൂ
ഓരോ പിണക്കവും തീര്‍ക്കുവാന്‍ പിന്നെ നാം 
മണലില്‍ കളിവീടു തീര്‍ത്തിരുന്നു 
ചുണ്ടൊന്നനക്കാതെ കണ്ണിമ ചിമ്മാതെ
കളിവീടു തിരമാല കവരുന്നതറിയാതെ
ആ മണല്‍ത്തട്ടില്‍ പരസ്പരം നോക്കി
ക്കൊണ്ടൊരുപാടു നേരം കിടന്നപ്പൊഴൊന്നുമേ
നമ്മളോര്‍ത്തില്ല , പിരിയുന്ന കാര്യവും
പിന്നിട്ട വഴികള്‍ തിരിച്ചു നടക്കലും
ഏകനായ് ഞാനിന്നു വഴികള്‍ തിരയുമ്പോള്‍ 
അപരിചിതത്വം  തുറിച്ചു നോക്കുന്നു
അന്ന് നമ്മള്‍ ഒരുമിച്ചു പോന്നൊരാ
ഇടവഴി രണ്ടായ് പിരിഞ്ഞിരിക്കുന്നു 
കണ്ടു മുട്ടാറുള്ളോരാല്‍ മരച്ചോടും
കാണുന്ന നേരം മുഖം തിരിച്ചകലുന്നു
അന്നത്തെ മധുരമാം നിമിഷങ്ങളൊക്കെയും
ഇന്നെന്റെ ഹൃദയത്തിന്‍ വേദനയാകുന്നു 
എങ്കിലും എല്ലാം ഞാന്‍ സൂക്ഷിച്ചു വെക്കാം 
പിന്നീടൊരിക്കല്‍ ഓര്‍ക്കുവാനായ്‌