Monday, April 04, 2011

വികാസം

                 കുട്ടിത്തം മാറി ഞാന്‍ വളര്‍ന്നോ എന്ന് സംശയിക്കുന്നവര്‍ക്ക് അതിനുള്ള തെളിവ് ഞാന്‍ തന്നെ നല്‍കാം. കാരണം അത് തെളിയിക്കേണ്ടത് എന്‍റെ ബാധ്യത ആണല്ലോ. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പച്ചക്കള്ളം യാതൊരു പതര്‍ച്ചയുമില്ലാതെ പറയാന്‍ ഇന്നെനിക്കു കഴിയും. ചെയ്തത് തെറ്റാണെന്ന് ബോധ്യമായാലും അതിനെ ന്യായീകരിച്ചു നില്‍ക്കാറാണ് പതിവ് . മറ്റുള്ളവരുടെ വേദനയില്‍ വേദനിച്ചിരുന്ന എന്‍റെ മനസ്സിനെ ഞാന്‍ തന്നെ കൊന്നു. പകരം വീണു കിടക്കുന്നവരുടെ ദേഹത്ത് ചവിട്ടി മുന്നോട്ടു പോകാനും , വീഴാതെ നില്‍ക്കുന്നവരെ വലിച്ചു വീഴ്ത്താനും പറയുന്ന ഒരു മനസ്സ് ഫിറ്റു ചെയ്തിട്ടുണ്ട്. ദേഷ്യവും പകയും സൂക്ഷിച്ചു  വെക്കാറുണ്ട്. 
            മനസ്സിലുള്ളത് പുറത്തു കാട്ടാതെ ചിരിക്കാനും സംസാരിക്കാനും അഭിനയിക്കാനും പഠിച്ചു വരുന്നു. പോങ്ങച്ചക്കാരെ വെറുത്തിരുന്ന ഞാന്‍ ഇപ്പോള്‍ അതേ പറയാറുള്ളൂ. ഓര്‍കുട്ടിലും ഫേസ്ബുക്കിലും ഉള്ളവരോട് മാത്രമേ ഇപ്പോള്‍ സൗഹൃദമുള്ളൂ. അല്ലാത്തവരെ ഡിലീറ്റു ചെയ്തു. എല്ലാ കാര്യവും അമ്മയോട് പറയാറുണ്ടായിരുന്ന ഞാന്‍ ഇപ്പോള്‍ ഒരു കാര്യവും പറയാറില്ല. പിന്നെ പ്രാഥമിക കൃത്യങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ ക്ലോസറ്റിലേ നിര്‍വഹിക്കാറുള്ളൂ.  പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന , വായിക്കുകയും  സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഞാന്‍ ഇപ്പോള്‍ അവയിലെ പേജുകള്‍ മേശയിലെ പൊടി തട്ടാനുള്ള കടലാസുകളായാണ് ഉപയോഗിക്കാറ്.  കോണ്‍ഫിഡന്‍സി നപ്പുറമുള്ള ഓവര്‍ കോണ്‍ഫിഡന്‍സ് എന്നില്‍ കുത്തി  വെച്ചിട്ടുണ്ട്.
                ഇത്രയൊക്കെ പോരെ ഞാന്‍ വളര്‍ന്നു എന്നതിന്‍റെ തെളിവ്? പക്ഷെ എന്നിട്ടും ചിലര്‍ അത് സമ്മതിച്ചു തരുന്നില്ല. പകരം അവര്‍ പറയുന്നു എന്‍റെ മുഖം വികൃതമാണെന്ന് . പല്ല് പൊന്തി നിന്നിരുന്ന കാലത്തും മുഖത്ത് മുഖക്കുരു പഴുത്തു നിന്നിരുന്ന കാലത്തും അവരങ്ങനെ പറഞ്ഞിട്ടില്ല. പല്ലുകള്‍ക്ക് വേലി കെട്ടുകയും പിന്നെയും തള്ളി നിന്നവ പറിച്ചു മാറ്റുകയും ചെയ്തു. മുഖത്തെ കുഴികള്‍ ഫെയര്‍ നെസ് ക്രീമിട്ടു തൂര്‍ത്തു. എന്നിട്ടും  അവര്‍ പറയുന്നു എന്‍റെ മുഖത്തിന്‌ പകരം ഞാനണിഞ്ഞ മുഖം മൂടികളാണ് അവര്‍ കാണുന്നതെന്ന്. ഒരു പക്ഷേ അവരുടെ കണ്ണിന്‍റെ കുഴപ്പമാവും.  ഇനി  എന്നാണു മുഖം മൂടികളില്ലാതെ എന്‍റെ മുഖം അവര്‍ക്ക് കാണാന്‍ കഴിയുക???  

No comments:

Post a Comment