Wednesday, September 29, 2010

മറക്കാതിരിക്കാം ഞാന്‍


മറക്കാതിരിക്കാം ഞാന്‍  
ഓര്‍ക്കുവാനിഷ്ടമില്ലെങ്കിലും
പിന്നീട് കുറ്റബോധം  തോന്നാതിരിക്കാന്‍ 
നമ്മള്‍ കണ്ട  പകലുകള്‍  രാത്രികള്‍ 
പങ്കു വെച്ച നിമിഷങ്ങളൊക്കെയും
ഇന്നെന്റെ ഓര്‍മയില്‍ തീച്ചൂളയെങ്കിലും
നീറ്റല്‍ സഹിച്ചു ഞാന്‍ ഓര്‍ത്തു വെക്കാം
ആദ്യമായ് കണ്ട നാള്‍ ഒന്നുമുരിയാതെ 
പോയ നിന്‍ കണ്ണില്‍ നിന്നായിരം 
വാക്കുകള്‍ ചികഞ്ഞു കണ്ടെത്തി ഞാന്‍
പിന്നിട്ടു നാം ഒത്തിരി ദൂരം
കൈകള്‍ ചേര്‍ത്തൊരുമിച്ചു പിന്നെ 
എപ്പൊഴോ ഹൃദയവും ചേര്‍ത്ത് വെച്ചു
മുന്നില്‍ കണ്ട കാഴ്ചകള്‍ പലതും 
കാണാതെ നമ്മള്‍ മരുപ്പച്ച തേടി
സന്ധ്യകള്‍ മറയുമ്പൊഴും പിരിയാതെ നമ്മള്‍ 
നിലാവിന്റെ തണലില്‍ കിനാവുകള്‍ നെയ്തു 
ആല്‍മരച്ചോടും പുഴവക്കുമെല്ലാം 
അന്ന് നമ്മള്‍ക്കു കൂട്ടായി നിന്നു
ഇണങ്ങുവാന്‍ മാത്രമായ് പിന്നെ നീ പലകുറി
തമ്മില്‍ പിണക്കം നടിച്ചു നിന്നൂ
ഓരോ പിണക്കവും തീര്‍ക്കുവാന്‍ പിന്നെ നാം 
മണലില്‍ കളിവീടു തീര്‍ത്തിരുന്നു 
ചുണ്ടൊന്നനക്കാതെ കണ്ണിമ ചിമ്മാതെ
കളിവീടു തിരമാല കവരുന്നതറിയാതെ
ആ മണല്‍ത്തട്ടില്‍ പരസ്പരം നോക്കി
ക്കൊണ്ടൊരുപാടു നേരം കിടന്നപ്പൊഴൊന്നുമേ
നമ്മളോര്‍ത്തില്ല , പിരിയുന്ന കാര്യവും
പിന്നിട്ട വഴികള്‍ തിരിച്ചു നടക്കലും
ഏകനായ് ഞാനിന്നു വഴികള്‍ തിരയുമ്പോള്‍ 
അപരിചിതത്വം  തുറിച്ചു നോക്കുന്നു
അന്ന് നമ്മള്‍ ഒരുമിച്ചു പോന്നൊരാ
ഇടവഴി രണ്ടായ് പിരിഞ്ഞിരിക്കുന്നു 
കണ്ടു മുട്ടാറുള്ളോരാല്‍ മരച്ചോടും
കാണുന്ന നേരം മുഖം തിരിച്ചകലുന്നു
അന്നത്തെ മധുരമാം നിമിഷങ്ങളൊക്കെയും
ഇന്നെന്റെ ഹൃദയത്തിന്‍ വേദനയാകുന്നു 
എങ്കിലും എല്ലാം ഞാന്‍ സൂക്ഷിച്ചു വെക്കാം 
പിന്നീടൊരിക്കല്‍ ഓര്‍ക്കുവാനായ്‌